2014, ജൂൺ 20, വെള്ളിയാഴ്‌ച

ചന്തമുള്ള ഓര്മണകള്‍

ഭരതന്‍ എന്ന മാന്ത്രിക സംവിധായകനെ ഓര്‍ക്കാന്‍ കാരണം , ഇന്നലെ ഏഷ്യാനെറ്റില്‍ സ്പിരിറ്റ്‌ എന്ന ചിത്രത്തിലെ ഒരു സംഭാഷണവും,അദ്ദേഹത്തിന്‍റെ മകന്‍ സിദ്ധാര്‍ഥ് ഭരതന്‍റെ സമീര്‍ എന്ന കഥാപാത്രവുമാണ്‌. ഓര്‍മകളാവുമ്പോള്‍ ആണ് പലതിനും ചന്തം എന്ന സംഭാഷണവും, സമീര്‍ എഴുതി വച്ച....”മരണമിങ്ങെത്തുന്ന നേരത്ത് നീയെന്‍റെ അരികിലോരിത്തിരി നേരമിരിക്കണേ. ! “ എന്ന മനോഹരമായ കവിതയും.


ഭരതനെ ആദ്യമായ് കാണുന്നത് 1980 ല്‍ . അവസാനമായി കാണുന്നത് 1998 ല്‍. മനസ്സിലിന്നും മായാതെ നില്‍ക്കുന്ന മൂന്നു കൂടികാഴ്ച സ്മരണകള്‍.

ഒരു നല്ല ചിത്രകാരന്‍ കൂടിയായ ഭരതന്‍ എന്‍റെ പിതാവിന്‍റെ അടുത്ത  സുഹൃത്തായിരുന്നു. 1980 ല്‍ ആരവം എന്ന ചിത്രം എറണാകുളം ശ്രീധര തീയറ്ററില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ ശ്രി. ജോണ് പോളും, സിംഗപ്പൂരിലെ അംബാസിഡര്‍ ശ്രി. ബി. എം. സി.നായരുമോത്ത്  ഞങ്ങളുടെ കലൂരിലെ  വീട്ടില്‍ ലളിതചേച്ചിയോടൊപ്പം ഭരതന്‍ വന്നതും വയറുവേദനയെ തുടര്‍ന്ന് ഡോക്ടര്‍ കുര്യാക്കോസിന്‍റെ വീട്ടില്‍ പോയതുമൊക്കെ ഇന്നലെ നടന്ന സംഭവം പോലെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു.

1984 ല്‍ ഞാന്‍ എഞ്ചിനീയറിംഗ് പഠിക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ “ഇത്തിരിപ്പൂവേ ചുവന്ന പൂവേ “ എന്ന ചിത്രം പലതവണ കണ്ട ഓര്‍മകളും  മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അവസാന രംഗത്ത് അമ്മയായ കെ. ആര്‍. വിജയ അബദ്ധത്തില്‍ മകന്‍റെ വെടിയേറ്റ്‌ മരിക്കുമ്പോള്‍ മുഴങ്ങുന്ന കവിത ഇന്നും പ്രസക്തമാണ്.
അമ്മിഞ്ഞയൂട്ടിയ മാറിലെ രക്തവും-
ഇമ്മണ്ണില്‍ എന്തിന് വീഴ്ത്തി ?
ഇരുപാടുമലറുന്ന തോക്കുകളെന്തിനു -
നിരപരാധിത്തത്തെ  വീഴ്ത്തി ?
മൃത്യുഞ്ജയമാര്‍ന്ന മന്ത്രമിതാ -
സ്വന്തം രക്തത്താല്‍ അമ്മ കുറിച്ചു ;
നിര്‍ത്തുക നിര്‍ത്തുക ഈ യുദ്ധം
എന്നും മര്‍ത്ത്യത തോല്‍ക്കുമീ യുദ്ധം.

1996 ലായിരുന്നു അടുത്ത കൂടിക്കാഴ്ച. ചെന്നൈ മലയാളി ക്ലബില്‍ നടന്ന ലളിതകലാ അക്കാദമിയുടെ ചടങ്ങില്‍. ഭരതനെ കെ. കെ. നഗറിലുള്ള വീട്ടില്‍ നിന്നും വിളിച്ച്‌ കൊണ്ടുവരാന്‍ എന്‍റെ പിതാവ് എന്നെയാണ് ചുമതലപ്പെടുത്തിയത്. വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന സംവിധായകനെ കാണാനുള്ള അവസരം ! ദേവരാഗമെന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കഴിഞ്ഞു വന്ന ഭരതന്‍. ഭരതനോടൊപ്പം കെ.കെ നഗറില്‍ നിന്നും, ചെക്പേട്ടിലെ മലയാളി ക്ലബ്‌ വരെ യാത്ര ചെയ്ത അവസരം ഇന്നും മായാത്ത ഓര്‍മയായി....!!! ആ ചടങ്ങ് ഉദ്ഘാടനം ചെയ്ത ശ്രി. സുകുമാര്‍ അഴീക്കോടും ചന്തമുള്ള ഒരോര്‍മയായി മാറി....

1998 ല്‍ വിജയ ഹോസ്പിറ്റലില്‍ മരണവുമായി മല്ലിടുന്ന ഭരതനെ അവസാന നാളുകളില്‍ കാണാന്‍ പിതാവിനോടൊപ്പം പോയ ദിവസം ഇന്നും കണ്ണീരോര്‍മകളായി നില്‍ക്കുന്നു. ആശുപത്രി  വരാന്തയില്‍ നില്‍ക്കുന്ന കൊച്ചുപയ്യന്‍ സിദ്ധാര്‍ഥ് ഭരതനെ ഇന്നും ഓര്‍ക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം 1998 ജൂലൈ 30 നു കേവലം 51 വര്‍ഷത്തെ ജീവിത യാത്രയില്‍ മലയാളിക്ക് മറക്കാനാവാത്ത , ഇന്നത്തെ ന്യൂ ജനറേഷന് ചിന്തിക്കാന്‍ പോലുമാകാത്ത 40 ചിത്ര വിസ്മയങ്ങള്‍ തീര്‍ത്തു ,15 പുരസ്കാരങ്ങള്‍ നേടി, ഒപ്പം കുറേ മനോഹര ഗാനങ്ങളും ചിട്ടപ്പെടുത്തി , ഒരുപാട് വര്‍ണ്ണ ചിത്രങ്ങള്‍ തീര്‍ത്തു ഭരതന്‍ യാത്രയായി.

പ്രയാണത്തില്‍ തുടങ്ങി ചുരത്തില്‍ അവസാനിച്ച കലാസപര്യ.ആരവം, തകര,  ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, ഒരു സായാഹ്നത്തിന്‍റെ സ്വപ്നം , വൈശാലി  , താഴ്വാരം , പ്രണാമം, കാറ്റത്തെ കിളിക്കൂട്‌ ലോറി , ദേവരാഗം , മഞ്ജീരധ്വനി , കേളി, കാതോടു കാതോരം , അമരം തുടങ്ങി , മലയാളിക്കൊരിക്കലും മറക്കാനാകാത്ത ഒരുപിടി ചിത്രങ്ങള്‍.  മലയാളി അന്ന് തീയറ്ററില്‍ കാണാന്‍ മറന്ന പല ചിത്രങ്ങളും , അദ്ദേഹം ഒര്മയായിട്ടു 16 വര്‍ഷങ്ങള്‍ക്കു ശേഷവും ഇന്നും നാം ആഘോഷിക്കുന്നു.
ന്യൂ ജനറേഷന്‍റെ പേരില്‍ പടച്ചു വിടുന്ന ഇന്നത്തെ ചിത്രങ്ങള്‍ക്കിടയില്‍ , ഭരതന്‍റെ ചിത്രങ്ങള്‍ വീണ്ടും കാണുമ്പോള്‍ നാം ആനന്ദിക്കുന്നു. അദ്ദേഹത്തിന്‍റെ രതിനിര്‍വേദവും, നിദ്രയും റീമേക്ക് ചെയ്യപ്പെടുമ്പോള്‍ ഭരതന്‍ ടച്ചിന്‍റെ അസാന്നിധ്യം മൂലം ശ്രദ്ധിക്കപ്പെടാതെ പോകുന്നു. 


കാലമെത്ര കഴിഞ്ഞാലും , ഭരതനും, പദ്മരാജനും ലോഹിതദാസുമൊക്കെ നമ്മുടെ കലാസ്വാദനത്തിന്‍റെ ഇടനാഴികകളില്‍ തങ്ങി നില്‍ക്കും.....
സുഗന്ധം പരത്തി......ഒരു മിന്നാമിനുങ്ങിന്‍റെ അണയാത്ത നുറുങ്ങുവെട്ടം പോലെ... ഓര്‍മകളാകുമ്പോള്‍ ചന്തം കൂടുന്ന മഹാപ്രതിഭകള്‍.......!!!!

അഭിപ്രായങ്ങളൊന്നുമില്ല: