2014, മാർച്ച് 30, ഞായറാഴ്‌ച

സ്വപ്നങ്ങളുടെ കൂട്ടുകാരന്‍...............


സ്വപ്നങ്ങളുടെ  കൂട്ടുകാരന്‍ മറ്റാരുമല്ല ,

മുന്‍ മന്ത്രിയുടെ മകന്‍

ഇപ്പോള്‍ മന്ത്രി

സാമൂഹ്യ പ്രവര്‍ത്തകന്‍

എഴുത്തുകാരന്‍

ഡോക്ടര്‍

ചിത്രകാരന്‍

കാര്‍ട്ടൂണിസ്റ്റ്

ഗായകന്‍

ചാനല്‍ മേധാവി

10000 പുസ്തകങ്ങള്‍ വായിച്ചു തീര്‍ത്ത ബിബിളിയോ ഫിലെ

വിശേഷണങ്ങള്‍ ഒരുപാടുള്ള ഡോ: എം . കെ . മുനീര്‍ .അദ്ദേഹത്തിന്‍റെ മൂന്നാമത്തെ പുസ്തകമായ “അനുഭവം ഓര്‍മ യാത്ര “ യിലെ ഒന്നാമത്തെ അദ്ധ്യായം – “ഒരു ചാനല്‍ ചരിത്രം” .

കേരളത്തിലെ വ്യവസായി ആവാനുള്ള സ്വപ്നവും പേറി നടക്കുന്ന യുവ തലമുറക്കൊരു വഴികാട്ടിയാണ്.

വെറും 14 പേജില്‍ എഴുതി തീര്‍ത്ത ഈ അനുഭവ സാക്ഷ്യം ബിസിനസ് മാനേജ്മെന്റിലെ ഒരു മാതൃകാ പഠനം തന്നെയാണ്.

അമേരിക്കന്‍ എഴുത്തുകാരന്‍ എല്‍ബെര്‍ട്ട് ഹബ്ബാര്‍ഡിന്‍റെ വാക്കുകളിലൂടെയാണ് ലേഖനം തുടങ്ങുന്നത് .

The idea that is not dangerous is not worthy of being called an idea at all

“ കുട്ടിക്കാലം മുതലേ സ്വപ്നങ്ങളുടെ കൂട്ടുകാരനായിരുന്നു ഞാന്‍ ആകാശപതംഗങ്ങള്‍ക്കപ്പുറം പ്രകാശവേഗത്തില്‍ തുളച്ചു കയറിയ കനവുകളാല്‍ ഞാന്‍ എന്‍റെ ബാല്യവും ,കൌമാരവും, യൗവ്വനവും, നിറച്ചു വച്ചു.ഇന്നിപ്പോള്‍ ജീവിതത്തിന്‍റെ വിവിധ വേഷങ്ങള്‍ ആടിയിട്ടും സ്വപ്നം കാണുന്ന മനസ്സ് മാത്രം എനിക്കൊരിക്കലും കൈമോശം വന്നില്ല.”

അത്തരം ഒരുപാടു സ്വപ്നങ്ങളുടെ ഉല്പന്നമാണ് ഇന്ന് കാണുന്ന വാര്‍ത്താ  ചാനല്‍  “ഇന്ത്യ വിഷന്‍ “

അസാധ്യമെന്നു കരുതുന്ന ചില സങ്കല്‍പ്പങ്ങള്‍ക്ക് പുറകെ ഇറങ്ങി തിരിക്കുന്നവര്‍ അറിഞ്ഞു വെക്കെണ്ട കാര്യങ്ങള്‍ ഒട്ടും കാപട്യമില്ലാതെ, മനസ്സും ഹൃദയവും തുറന്നെഴുതുകയാണ് ശ്രീ . എം. കെ . മുനീര്‍.

ഏഷ്യാനെറ്റ്‌ ശശികുമാറിന്‍റെ അതിരുകളില്ലാത്ത ബുദ്ധിയും ഊര്‍ജ്ജവും ,മാധവന്‍റെ ധനകാര്യ പാടവവും, റെജി മേനോന്‍റെ മനസ്സുറപ്പും മുനീറിനെ ആവേശ ഭരിതനാക്കി.

പിന്നെ സീ ചാനല്‍ ഉടമ സുഭാഷ്‌ ചന്ദ്രയെപോലെ ഒരു സാറ്റലൈറ്റ് വിക്ഷേപിക്കുകയെന്ന ഭീമമായ സ്വപ്നവും മുനീറിന്‍റെ ഇന്ത്യ വിഷന്‍ യാത്രകള്‍ക്ക് തണലായി.

 കെ. എസ്‌.ഐ.ഡി.സി.യുടെ വായ്പക്കായി ശ്രീ. അമിതാഭ് കാന്തിനെ സമീപിക്കുന്നു.

“ മുനീര്‍, കയ്യില്‍ എത്ര പണമുണ്ട് ?  “ എന്ന അദ്ദേഹത്തിന്‍റെ ചോദ്യം .
പോക്കറ്റില്‍ തപ്പിയപ്പോള്‍ 175 രൂപ.

ഡബ്ലിയു. ജെ . കാമറൂണിന്‍റെ  വാക്കുകള്‍ മനസ്സില്‍ ഓര്‍ത്തു മടങ്ങുന്നു.
Money never starts an idea. It is idea that starts the money
യാത്ര മുന്നോട്ട് തന്നെ ..............

സുഹൃത്തുക്കള്‍ ആയ സുരേഷ് മണിമലയും , ജമാലും ,ശ്രീപ്രകാശും, മുനീറും ചേര്‍ന്ന് “ സീ ടെല്‍ “ എന്ന കമ്പനി രൂപീകരിക്കുന്നതോടെ  ഒരു കിറുക്കന്‍ യാത്രയുടെ തുടക്കമാവുന്നു.

മുനീറിന്‍റെ കയ്യിലുള്ള സോണി ഹാന്‍ഡി – ക്യാം ഉപയോഗിച്ച് , പ്രാദേശിക പരിപാടികള്‍  തത്സമയം ക്യാമിലൂടെ  പ്രക്ഷേപണം ചെയ്ത് തന്‍റെ യാത്ര ആരംഭിക്കുന്നു.

പക്ഷെ ഉപഗ്രഹം എന്ന സ്വപ്നം കൈവിടുന്നില്ല.

ജിദ്ദയിലുള്ള ഹസ്സന്‍ ചേളാരിയും, ജെ. എന്‍. യു വിലെ സുഹൃത്ത്‌ ഷാജഹാന്‍ മടമ്പത്തും മുനീറിന്‍റെ സ്വപ്നങ്ങള്‍ക്കും ചര്‍ച്ചകള്‍കും കൂടെനില്‍ക്കുന്നു.

മഹാനായ പാണക്കാട് ശിഹാബലി തങ്ങള്‍ മുസ്ലിം ലീഗിന്‍റെ എന്‍. ഒ. സി. ചാനലിനു നല്‍കുന്നു.

മുനീര്‍ തന്‍റെ അരയാല്‍മരമെന്നും കുളിര് തരുന്ന തണല്‍ വൃക്ഷമെന്നും  വിളിക്കുന്ന ശ്രീ. എം. ടി .വാസുദേവന്‍‌ നായര്‍ “നിങ്ങള്‍ മുന്നോട്ടു പോകു! ഞാന്‍ കൂടെയുണ്ട് “ എന്ന് പറഞ്ഞപ്പോള്‍ മുനീറിന്‍റെ ആത്മ ധൈര്യം ഇരട്ടിക്കുന്നു.

96 കോടി രൂപയാണ് പ്രൈസ് വാട്ടര്‍ ഹൌസ് ചാനലിന്‍റെ തുടക്കത്തിനു കണക്കു കൂട്ടിയത്.

പിന്നീട് യാത്രകളായിരുന്നു. മൂലധനം സ്വരൂപിക്കാനുള്ള ഗള്‍ഫ്‌ യാത്രകള്‍.
മുസ്ലിം ലീഗിന്‍റെ പേരില്‍ തട്ടിപ്പ് നടത്തുന്നു എന്ന ആരോപണങ്ങളുമായി ചിലര്‍ .

ചാനല്‍ തുടങ്ങുന്നത് മതപരമായി ശരിയാണോ എന്ന് ചോദിച്ച് ചില മതഭ്രാന്തന്മാര്‍ .

അങ്ങനെ , കല്ലും മുള്ളും  നിറഞ്ഞ വഴിയിലൂടെ യാത്ര.

ചരിത്രമുറങ്ങുന്ന ഗുഹകളിലൂടെ ,പാലങ്ങള്‍ തകര്‍ന്ന പുഴകളിലൂടെ ,മണലാരണ്യങ്ങള്‍ താണ്ടി, സൂര്യതാപത്തില്‍ വലഞ്ഞു......

അല്‍കോബാര്‍ , ദമാം , റിയാദ് ജിസാന്‍ , ഖമീസ് ,മുഷയിത്....

അങ്ങനെ രോഗങ്ങളുടെ തുടക്കം  -  പ്രമേഹരോഗി.

“മരുഭൂമിയില്‍ ചോര വിയര്‍പ്പാക്കിയവര്‍ എന്നെ ഏല്പ്പിച്ച പണം കണ്ടപ്പോള്‍ അനുവാദമില്ലാത്ത കണ്ണീരലകള്‍ ഓളം വെട്ടി”- മുനീര്‍ തുടരുന്നു.

ആദ്യത്തെ ഡിജിറ്റല്‍ ടെക്നോളജിയുമായി  ഇന്ത്യാ – വിഷന്‍ എര്‍ത്ത് സ്റ്റേഷന്‍ കൊച്ചിയില്‍ സ്ഥാപിതമാവുന്നു.

അയിടക്ക് ഓഹരിക്കാരെ വഞ്ചിച്ചെന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ്‌ വാര്‍ത്ത.
അങ്ങനെ ദുര്‍ഭാഗ്യങ്ങളുടെ ഘോഷയാത്ര .

ബി. ബി. സിയെ അനുകരിച്ച് മലയാളത്തില്‍ ആദ്യമായി സീംലെസ്സ് ന്യൂസ്‌ കോണ്‍സെപ്റ്റ് എന്നാ ചരിത്രം ഇന്ത്യാ – വിഷന്‍റെ പുതിയ മേധാവി എം.വി. നികേഷ് കുമാര്‍ കുറിക്കുന്നു.

ഒ. ബി. വാനുകള്‍ സ്വന്തമാവുന്ന ആദ്യത്തെ മലയാളം ചാനല്‍
അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യ – വിഷന്‍ പങ്കാളിയായി .
ബി. ബി. സി. ഇന്ത്യ – വിഷന്‍റെ പേരെടുത്തു പറയുന്നു.

സി. എന്‍ .എന്‍. ചാനല്‍ ഇന്ത്യ-വിഷന്‍റെ സുനാമി ക്ലിപ്പിങ്ങുകള്‍ വിലക്ക് വാങ്ങുന്നു.

അങ്ങനെ നേട്ടങ്ങളുടെ നാളുകള്‍.

ഒപ്പം ശത്രുക്കളുടെ എണ്ണവും വര്‍ദ്ധിക്കുന്നു.

പിതൃശൂന്യന്‍ എന്ന് വിളിച്ചവര്‍ക്ക് പോലും മുനീര്‍ മാപ്പ് നല്‍കുന്നു.

ഉറക്കമില്ലാത്ത രാത്രികള്‍ മുനീറിനെ ഒരു ഇന്‍സോമാനിയ രോഗിയാക്കുന്നു.

താന്‍ പോലുമറിയാതെ ഇന്ത്യാ- വിഷനില്‍ വന്ന രജീനയുടെ വെളിപ്പെടുത്തലുകള്‍ കൂടിയായപ്പോള്‍ മുനീര്‍ തളര്‍ന്നു.

പരാധീനതകള്‍ അവസാനിക്കുന്നില്ല.

തായ്‌ കോമിന്‍റെ ട്രന്‍സ്പോണ്ടര്‍ റദ്ദുചെയ്യുന്നു.

മുനീറും, ഭാര്യയും  ,മക്കളും, ശൂന്യമായ ഇന്ത്യാ- വിഷന്‍ സ്ക്രീനിലേക്ക് കണ്ണും നട്ടിരിക്കുന്ന ദിനങ്ങള്‍ .

ബന്ധുവായ ഇബ്രാഹിം ഹാജി അല്പം പണം തായ്‌ലാന്‍ഡില്‍ എത്തിച്ചതോടെ പ്രശ്നങ്ങള്‍ക്ക് താല്‍കാലിക വിരാമം.

പക്ഷെ, പിന്നെ കേസുകളുടെ പിറകെ കേസുകള്‍.

ഉമ്മ കൈനീട്ടം തന്ന 10 , 000 രൂപയാണ് മുനീര്‍ എടുത്ത ഷെയര്‍.

വക്കീല്‍ നോട്ടീസുകളുടെയും വിജിലന്‍സ്‌ അന്വേഷണങ്ങളുടെയും കരിപുരണ്ട ദിനങ്ങള്‍, വണ്ടി ചെക്കുകള്‍ .

വണ്ടി ചെക്കുകള്‍ വഞ്ചനയുടെ കടലാസടയാളങ്ങളാണ്.പക്ഷെ അതിനു നിസ്സഹായതയുടെയും , ദൈന്യതയുടെയും , അര്‍ത്ഥതലമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.ഓരോ വണ്ടിചെക്കിലും ആശ്രയമറ്റ്പോയ ജീവിതം ഒളിഞ്ഞു കിടക്കുന്നു.......മുനീര്‍ എഴുതി.

 “വിയര്‍പ്പിന്‍റെ ഓഹരി“ എന്ന തലക്കെട്ടില്‍  മുനീര്‍ എഴുതിയ വരികള്‍ ഹൃദയഭേദകമാണ്‌.

ഏ. ജി. എം. കൂടി എനിക്ക് സ്വെറ്റ് ഇക്വിറ്റി യായി 8 കോടി രൂപ തരാന്‍ തീരുമാനിക്കുന്നു.

എന്‍റെ വിയര്‍പ്പിന്‍റെ ഓഹരി ; ഞാന്‍ ഈ നിമിഷം വരെ സ്വീകരിച്ചിട്ടില്ല.

എത്ര കോടി കിട്ടിയാലാണ് എന്‍റെ നഷ്ട്ടങ്ങള്‍ക്കു പരിഹാരമാവുക ?
എന്‍റെ ശരീരത്തിലെ തകര്‍ക്കപ്പെട്ട കോശങ്ങള്‍ ആര്‍ക്കു പുനര്‍നിര്‍മ്മിക്കാനാവും ?

ഏതു മറുമരുന്നാണ് നിങ്ങള്‍ പറഞ്ഞു തരിക ?

എന്‍റെ കുടുംബം അനുഭവിച്ച വേദനകള്‍ ആര് തിരിച്ചെടുക്കും ?
കോഴിക്കോടുള്ള വീടും , കാറും വരെ പണയപ്പെടുത്തുമ്പോഴും 8 കോടി കയ്യിലുണ്ടെന്ന് പറഞ്ഞ സമൂഹത്തിനും മുനീറ് പതിവുപോലെ മാപ്പ് നല്‍കുന്നു.പുന്നാരമോന്‍ ചാനല്‍ തുടങ്ങിയപ്പോള്‍ ആറ്റുനോറ്റ് വെച്ച സമ്പാദ്യത്തില്‍ ഒരോഹരി നല്‍കിയ ഉമ്മക്കുപോലും കണ്ണീരു മാത്രമേ  മുനീറിന് മടക്കി നല്‍കാനായുള്ളൂ .

ഇന്ത്യ – വിഷന്‍റെ ലോഗോ പ്രകാശനചടങ്ങില്‍ മുനീറിനരികിലിരുന്ന ഉമ്മയേയും, പെങ്ങളേയും തന്‍റെ ശത്രുവായ ബോര്‍ഡ്‌ മെമ്പര്‍ പിന്‍നിരയിലേക്ക് തള്ളി മാറ്റിയപ്പോഴും മുനീറിന്‍റെ മനസ്സ് മാപ്പ് നല്‍കി.
പക്ഷെ , സ്വപ്നങ്ങള്‍ക്ക് അന്ത്യമില്ല.

മുനീര്‍ തന്‍റെ ചാനല്‍ ചരിത്രം ഇങ്ങനെ അവസാനിപ്പിക്കുന്നു.
കാലങ്ങളും, കാതങ്ങളുമായി സ്വപ്‌നങ്ങള്‍ എന്‍റെ ഒപ്പമുണ്ടായിരുന്നു.
ഇപ്പോള്‍ മെല്ലെ മനസ്സിന്‍റെ ഉള്‍കോണിലെവിടെയോ നേരിയ ഒരുഭയം എന്നെ വന്നു മൂടുന്നുവോ ?വഴിയിലെവിടെയോ പുതിയ സ്വപ്നങ്ങളുടെ കൂട്ട് എനിക്ക് കൈമോശം വന്നിരിക്കുന്നു.

പക്ഷെ , ഹെന്‍റി വാര്‍ഡ്‌ ബീച്ചര്‍ പറഞ്ഞത് “ എളുപ്പത്തില്‍ നേടുന്ന വിജയങ്ങള്‍ നിസ്സാരമാണ്‌. പോരാട്ടത്തിലൂടെ  അത് നേടുമ്പോള്‍ മൂല്യമുള്ളതാകുന്നു.”

വഴിയോരങ്ങള്‍ എന്‍റെ നേരെ കൈവീശുന്നു.എങ്കിലും ഞാന്‍ മനസ്സിനോട് പറയുന്നു “ കാത്തിരിക്കുന്നവനിലേക്ക് വൈകിയാണെങ്കിലും , നീതിയും അവനെ തേടി വരും . അതുകൊണ്ട് തന്നെ ഞാന്‍ എന്‍റെ സ്വപ്നവും , ഊര്‍ജ്ജവും , എന്നില്‍ തന്നെ സൂക്ഷിക്കുന്നു.”

Some one may have stolen your dream
when it was young And fresh
And you were innocent
Anger is natural
Grief is appropriate
Healing is mandatory
Restoration is possible!

                        Jane reubitta 

2014, മാർച്ച് 24, തിങ്കളാഴ്‌ച

ഫെറിക് സൈനൈഡ്‌ അഥവാ പ്രഷ്യന്‍ ബ്ലൂആയിരം കഥാപാത്രങ്ങള്‍ വേണ്ട ഒരു മനോഹര ഗ്രന്ഥം രചിക്കാന്‍.വെറും അഞ്ചുപേര്‍ മതിയെന്ന് കാണിച്ചു തരികയാണ് 20 അദ്ധ്യായങ്ങള്‍ മാത്രമുള്ള 202 താളുകലുള്ള ഒരു കുഞ്ഞു പുസ്തകം.മനോഹരമായ നീല വര്‍ണത്തില്‍ പൊതിഞ്ഞ പുറം ചട്ട....

“ഡ്രീംസ്‌ ഇന്‍ പ്രഷ്യന്‍ ബ്ലൂ  “
രചയിതാവ്- പാരിതോഷ് ഉത്തം

ഇന്റര്‍നെറ്റ്‌ പ്രോട്ടോകാളിലും, വെബ്‌ സര്‍ച് എഞ്ചിനിലും , ക്രിക്കറ്റിലും, ടേബിള്‍ ടെന്നീസിലും  തല്‍പരനായ  ഐ .ഐ. ടി. ഐ.ഐ.എസ്‌.സി.ബിരുദാനന്തര ബിരുദാരി. ഈ പുസ്തകം വായിച്ചു അദ്ഭുതപരവശനായ ഞാന്‍ ബന്ധപ്പെട്ടപ്പോള്‍  “ഞാനൊരു ചെറിയ കമ്പനിയില്‍ ജോലി ചെയ്യുകയാണെന്ന്” പറഞ്ഞ – പാരിതോഷ് ഉത്തംകഴിഞ്ഞ വര്‍ഷം അരദിവസത്തില്‍ ഈ പുസ്തകം വായിച്ചു തീര്‍ത്ത ശ്യാമപ്രസാദ് പാരിതോഷുമായി ബന്ധപ്പെടുന്നു.പാരിതോഷിന്‍റെ സമ്മതം വാങ്ങിയ ശേഷം പുസ്തകത്തെ ആസ്പദമാക്കി  “ആര്‍ടിസ്റ്റ് “ എന്ന മനോഹര  ചിത്രം നിര്‍മിക്കുന്നു.

ഫഹദ് ഫാസിലും ആന്‍ അഗസ്റ്റിനും അനശ്വരമാക്കിയ  ചിത്ര കാവ്യം. ഗോവ ചലച്ചിത്രോത്സവത്തില്‍ ആന്‍ അഗസ്റ്റിനു ഒരുപാട് പ്രശംസാപുഷ്പങ്ങള്‍ കിട്ടിയ “ആര്‍ടിസ്റ്റ് “ എന്ന ചിത്രം എന്തുകൊണ്ടോ മലയാളികള്‍ തിയറ്ററില്‍ കാണാന്‍ മറന്നു.

 “ഡ്രീംസ് ഇന്‍ പ്രഷ്യന്‍  ബ്ലൂ “ ഒരു വായനാ അനുഭവം തന്നെ .

വെറും അഞ്ചു കഥാപാത്രങ്ങള്‍.

മൈക്കല്‍ ആഞ്ചലോ .
നൈന ത്രിവേദി.
അഭിനവ് .
രുചി .
റോയ്.

പിന്നെ മൈക്കലിന്‍റെയും നൈനയുടെയും മാതാപിതാക്കള്‍ മാതാപിതാക്കളുടെ സമ്മതമില്ലാതെ ഒന്നിച്ചു താമസിക്കുന്ന ബി.എഫ്.ഏ. വിദ്യാര്‍ഥികള്‍ മൈക്കലും, നൈനയും .സഹപാഠികളായിരുന്ന അഭിനവും രുചിയും വിവാഹിതരായി ജീവിക്കുന്നു.മുംബൈയിലേ ഫൈന്‍ആര്‍ട്സ് വിദ്യാര്‍ഥികളുടെ ജീവിതം അതേപടി പറിച്ചു വച്ചിരിക്കുകയാണ് പാരിതോഷ് ഉത്തം ഓരോ വരികളിലും.

മൈക്കിളിന്‍റെ  പെയ്ന്‍ടിംഗ് വാങ്ങാമെന്നേറ്റ “ആര്‍ട്ട്‌ ലാന്‍ഡ്‌ “ഗാലറി ഉടമ റോയിയെ  കാണാന്‍ “സാക്ക് റെസ്റ്റ്റെന്റ്റില്‍ “ എത്തുന്ന നൈന ത്രിവേദി.ബൈക്കില്‍ വീട്ടില്‍ നിന്നു തിരിച്ച മൈക്കലിനു വേണ്ടി കാത്തിരുന്നു മടുക്കുന്നു. അവസാനം മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ റോയ് മടങ്ങുന്നു.ഒരുപാട് ഭാവി പ്രതീക്ഷകള്‍ തകര്‍ത്ത മൈക്കലിനോട് നൈനക്കു വെറുപ്പ്‌ തോന്നുന്നു.സത്യം മറ്റൊന്നായിരുന്നു. “സാക്കില്‍” അവരെക്കാണാന്‍ ബൈക്കില്‍ തിരിച്ച മൈക്കല്‍ ഒരപകടത്തില്‍ പെട്ട് ആശുപത്രിയിലാവുന്നു.തലയ്ക്കു പരിക്കേറ്റ മൈക്കല്‍ ഓപ്പറേഷന്‍ വിധേയനാവുന്നു. മൈക്കലിന്‍റെ കാഴ്ചശക്തി നഷ്ട്ടപ്പെടുന്നതോടെ അവരുടെ ജീവിതം തല കീഴെ മറിയുന്നു.അടുത്ത കുറേ അദ്ധ്യായങ്ങള്‍ അവരുടെ ഭൂതകാലസ്മരണകളാണ്.ഫൈന്‍ ആര്‍ട്സ് കോളേജിലെ നല്ല മുഹൂര്‍ത്തങ്ങള്‍ , മാതാപിതാക്കളെ നിഷേധിച്ചുള്ള നൈനയുടെ ഇറങ്ങിപോക്ക് ,സോറബ്ജി യുടെ കമ്പനിയിലെ അവളുടെ ജോലി , “മാച്ച് ബോക്സ്‌ “ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന കുടുസ്സു മുറിയിലെ താമസം ഒക്കെ വളരെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു പാരിതോഷ് ഉത്തം. എല്ലാ ഭാവി സ്വപ്നങ്ങളെയും തകര്‍ക്കുന്നു മൈക്കലിന്‍റെ അന്ധത. നിറങ്ങള്‍ കൊണ്ട് അത്ഭുതം സൃഷ്ട്ടിച്ച കലാകാരന്‍ കാണുന്നതെല്ലാം കറുപ്പ്. എത്ര ഭയങ്കരം ...........!

പക്ഷെ മൈക്കലിന്‍റെ കറുത്ത നാളുകളിലും സ്നേഹനിധിയായി നൈന ഒപ്പമുണ്ട്. കഴിയുന്ന എല്ലാതരത്തിലും അഭിനവും രുചിയും മൈക്കലിനേയും നൈനയേയും സഹായിക്കുന്നു – പണമായും, സഹായഹസ്തങ്ങളായും .
മൈക്കലിന്‍റെ കലാവാസനയെ പക്ഷെ അന്ധത തളര്‍ത്തിയില്ല.

24 പെയിന്റിംഗ്കള്‍ വരച്ചു ഒരു പുതിയ പ്രദര്‍ശനത്തിന് മൈക്കല്‍ പദ്ധതി ഇടുന്നു. നൈനയും അഭിനവും എല്ലാ സഹായങ്ങളും ചെയ്യുന്നു.
24 പെയിന്റിംഗ്കള്‍ക്കു മൈക്കല്‍ പേരിടുന്നു.

റെനേസ്സന്‍സ് ,
മാനറിസം ,
ബാരോഖ് ,
റൊകോകോ ,
ക്ലാസ്സിസം ,
റൊമാന്റിസം,
 റിയലിസം,
 ഇംപ്രഷനിസം  ,
 പോസ്റ്റ്‌ ഇംപ്രെഷനിസം ,
 എക്സ്പ്രഷനിസം ,
 സിംബോളിസം ,
ക്വൂബിസം ,
ഫുവിസം ,
സര്‍റിയലിസം,
ഫൂച്ചറിസം ,
ദാദായിസം ,
അബ്സ്ട്രാക്ഷന്‍ ,
അബ്സ്ട്രാക്ക്റ്റ് എക്സ്പ്രഷനിസം,
 പോപ്‌ ആര്‍ട്ട്‌,
മിനിമലിസം,
 പോയിന്റ്‌ലിസം,
പോപ്‌ആര്‍ട്ട്‌,  
കണ്‍സെപ്ഷണല്‍ ആര്‍ട്ട്‌,
മൈക്കലിസം.

പണ്ടേ നൈനയില്‍ ഒരു കണ്ണുണ്ടായിരുന്ന അഭിനവ്  മൈക്കലിന്‍റെ അന്ധത മുതലെടുക്കുന്നു.തന്‍റെ പഴയ പെയിന്റ്കളും ,കാന്‍വാസും, നൈനക്കു നല്‍കുന്ന അഭിനവിന്‍റെ മറ്റൊരു മുഖം കാണാന്‍ നൈന വൈകിപ്പോയി.അന്ധനായ ആര്‍ടിസ്റ്റ്നു എല്ലാ നിറങ്ങളും ഒന്നല്ലെയോ എന്ന് പറഞ്ഞു അഭിനവ് നല്‍കിയ എല്ലാ ട്യൂബിലും പ്രഷ്യന്‍ ബ്ലൂ മാത്രമായിരുന്നു.തന്‍റെ സഹായങ്ങള്‍ക്ക് പ്രതിഫലമായി അഭിനവിനു വേണ്ടത് നൈനയുടെ ശരീരമായിരുന്നു. ഭാര്യ രുചി പ്രസവത്തിനു നാട്ടില്‍ പോയപ്പോള്‍ ഭീഷണിപ്പെടുത്തി  അഭിനവ് പലതവണ നൈനയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു .നൈന എല്ലാംകൊണ്ടും തകരുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒരു വശത്ത് ,ക്യാന്‍വാസും പെയിന്റ്ഉം വാങ്ങാന്‍ അഭിനവിന്‍റെ സഹായം കൂടിയേ തീരു.ഈ രഹസ്യം പുറത്തുപറഞ്ഞാല്‍ മൈക്കല്‍ ഒറ്റ വര്‍ണ്ണമാണ് 24 പെയിന്റിംഗിലും ഉപയോഗിച്ചതെന്ന് താന്‍ മൈക്കലിനോട് പറയുമെന്ന് ഭീഷണി പ്പെടുത്തുന്നു അഭിനവ്.

ഒടുവില്‍ പ്രദര്‍ശന ദിവസമായി.

അഭിനവിന്‍റെയും നൈനയുടെയും രഹസ്യങ്ങള്‍ രുചിയിലൂടെ അറിഞ്ഞ മൈക്കല്‍ പൊട്ടിത്തെറിക്കുന്നു.

അതിലും വലിയ ആഘാതം ,പ്രദര്‍ശനം കാണാന്‍ എത്തിയവര്‍ എന്താണ് അന്ധനായ കലാകാരന്‍ എല്ലാ ചിത്രങ്ങളും പ്രഷ്യന്‍ബ്ലൂ വില്‍ വരച്ചതെന്ന ചോദ്യം ആണ്.താങ്ങാനാവാത്ത സത്യം ആയിരുന്നു അത് മൈക്കലിന്. പ്രദര്‍ശനം ഒരു വന്‍വിജയമാണെങ്കിലും മൈക്കലും നൈനയും വഴിപിരിയുന്നു.അവസാന ഭാഗത്ത്‌ മൈക്കല്‍ പറയുന്നു.  “ഐ തോട്ട് യു   ആര്‍ മൈ ഓണ്‍ ഐസ്. വെന്‍ യുവര്‍ ഓണ്‍ ഐസ് ലൈസ് ടു യു ബെറ്റര്‍ ഓഫ് ബ്ലൈന്റ്. താങ്ക്സ് ഫോര്‍ എവെരി തിംഗ് .” ഫെറിക് സൈനൈഡ്‌ എന്ന രാസവസ്തു  ആണ് പ്രഷ്യന്‍ബ്ലൂ ആയി മാറുന്നത്. മൈക്കല്‍ കൊടുത്ത ഫെറിക് സൈനൈഡ്‌ ലായനി കുടിച്ചെങ്കിലും മരണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെടുന്നു  നൈന .

അവസാന അധ്യായത്തില്‍ വിശാല്‍ എന്ന ഭര്‍ത്താവിനോടൊപ്പം അമേരിക്കയില്‍ സെറ്റിലായ നൈനയെ ആണു നാം കാണുന്നത് അമേരിക്കയില്‍ ഒരു ചിത്ര പ്രദര്‍ശനത്തിനെത്തുന്ന മൈക്കലിന്‍റെ പ്രസംഗം നൈന കേള്‍ക്കുന്നു.

“ ആകാശത്തിന്‍റെ നിറം യാഥാര്‍ഥ്യത്തില്‍ നീലയല്ല……..

  സമുദ്രത്തിന്‍റെയും, പുഴയുടെയും നിറം നീലയല്ല………….

ഒരു ഗ്ലാസില്‍ വെള്ളം എടുത്തു നോക്കു …….

നിറമേയില്ല…………!

 കറുപ്പാണ് ഞാന്‍ കാണുന്നതെല്ലാം……….

നീല അസത്യത്തിന്‍റെയും വഞ്ചനയുടെയും നിറമാണ്……...

യോസ്മൈറ്റ് എന്ന സ്ഥലത്തേക്ക് ക്യാമ്പിംഗ് ട്രിപ്പിനു  പോകാമെന്ന് വിശാല്‍ നൈനയോട് പറയുമ്പോള്‍ കഥ അവസാനിക്കുന്നു.

കുറേ നൊമ്പരങ്ങള്‍ ബാക്കിയാക്കി………...

അപാരം പാരിതോഷ് ഉത്തം !
 താങ്കളുടെ തൂലികയുടെ
സ്വപ്നാടനം !!