2013, ഡിസംബർ 29, ഞായറാഴ്‌ച

ഒറ്റയാള്‍ ഗോത്രം........................!!

 ഈ  കുറിപ്പെഴുതാന്‍ സഹായകമായത് ശ്രീ  ആര്യാടന്‍ ഷൌക്കത്തിന്‍റെ ഒരു ഫേസ്ബുക്ക്‌ കമന്‍റ് ആണ്‌......ഈയിടെ അന്തരിച്ച ശ്രീ .നെല്‍സണ്‍ മണ്ടേലയെ പറ്റി.
റൌബന്‍ ദ്വീപിലെ കരാളമായ കാരാഗൃഹത്തിലും മറ്റനേകം ദക്ഷിണാഫ്രിക്കന്‍ കാരാഗൃഹങ്ങളിലും 27 വര്‍ഷം നീണ്ട തടവ്‌ ജീവിച്ചു തീര്‍ത്ത്, തനിക്കൊപ്പം തന്‍റെ രാജ്യത്തെയും ...... , സ്വാതന്ത്ര്യത്തിന്‍റെയും മനുഷ്യവംശത്തിന്‍റെയും സൗവര്‍ണ്ണ ലോകത്തേക്കു നയിച്ച മറ്റൊരാള്‍ക്കായി ലോകത്തിനിനി നിതാന്തമായി കാത്തിരിക്കേണ്ടി വരും.
ഈ മഹത്തായ ആദരാഞ്ജലി കുറിപ്പെഴുതിയ ഷൌക്കത്തിനെ കേരള ജനത വേണ്ടരീതിയില്‍ തിരിച്ചറിഞ്ഞിട്ടില്ല എന്നാണ് ഞാന്‍ കരുതുന്നത്.
നിതാന്തമായി കാത്തിരുന്നാല്‍ പോലും കേരളത്തിന്‌ ഇത്തരമൊരു നേതാവിനെ ലഭിക്കില്ല എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

കേരള ജനത ഏറ്റവും ആരാധിക്കുന്ന നേതാക്കളില്‍ ഒരാളായ ശ്രീ ആര്യാടന്‍ മുഹമ്മദിന്‍റെ മകന്‍ തലസ്ഥാനനഗരിയിലെ രാഷ്ട്രീയഉത്സവാഘോഷങ്ങളില്‍ നിന്ന് എന്നും അകന്നു നിന്നു.





ഒരു സംസ്ഥാനത്തിന്‍റെയൊ  രാജ്യത്തിന്‍റെയൊ പ്രതിസ്പന്ദനങ്ങളെക്കാള്‍ എത്രയോ വലുതാണ്‌ ഒരു കൊച്ചു മുനിസിപാലിറ്റിയുടെ   ഹൃദയ മിടിപ്പുകളെന്നു വരച്ചു കാട്ടുകയാണ് ശ്രീ ഷൌക്കത്ത് . നിലമ്പൂര്‍ എന്ന തന്‍റെ കൊച്ചു  ഗ്രാമം രാജ്യത്തിന്‍റെ  ഭൂപടത്തില്‍ അടയാളപ്പെടുത്തി , തന്‍റെ കയ്യൊപ്പ് ചാര്‍ത്തുക വഴി.
ജനോപകാര പദ്ധതികളുടെ പെരുമഴക്കാലമാണ് നിലമ്പൂരില്‍ .
എല്ലാവര്‍ക്കും അറിവ്പകരുന്ന ..............“ജ്യോതിര്‍ഗമയ“.............. എന്ന പദ്ധതിഡല്‍ഹിയിലെ മാനവശേഷി വികസന മന്ത്രാലയം മാതൃകയാക്കുകയാണെന്ന ഒറ്റ വാര്‍ത്ത മതി ഷൌക്കത്തിന്‍റെ കരുത്ത് തെളിയിക്കാന്‍.
ശശി തരൂര്‍ പ്രകീര്‍ത്തിച്ച പദ്ധതി..............
മുന്നോക്ക വിഭാഗത്തോടൊപ്പം വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും തോളുരുമ്മി നില്‍ക്കാന്‍ ... “ ഒപ്പത്തിനൊപ്പം “  ..........എന്ന പദ്ധതി.
നൂറുശതമാനം സ്ത്രീധന വിമുക്തമായ ആദ്യത്തെ ഗ്രാമം.
ഭവനരഹിതര്‍ക്ക് 1000 വീടുകള്‍.

വേദനിക്കുന്ന രോഗികള്‍ക്കും, അത്താണിയില്ലാത്തവര്‍ക്കും വിവിധ പദ്ധതികള്‍ .



ഇതെല്ലാം കണ്ടിട്ടാണ് സംസ്ഥാനത്തെ ഏറ്റവും നല്ല പഞ്ചായത്തിനുള്ള അവാര്‍ഡ്‌ സംസ്ഥാനസര്‍ക്കാര്‍ ഷൌക്കത്തിന്‍റെ സ്വന്തം നിലമ്പൂരിനു നല്‍കിയത്.
ഇതുകൊണ്ടൊന്നും തീരുന്നില്ല ഷൌക്കത്തിന്‍റെ പ്രതിഭാ സമ്പന്നത.
രക്തത്തില്‍ രാഷ്ട്രീയമാണെങ്കില്‍…….ഹൃദയത്തില്‍ ഒരു വലിയ കലാകാരന്‍ ആണു ഷൌക്കത്ത് .
പാഠം ഒന്ന് - ഒരു വിലാപം,വിലാപങ്ങള്‍ക്കപ്പുറത്ത്,ദൈവനാമത്തില്‍ .......മലയാളികളുടെ ഹൃദയത്തില്‍ എന്നും മായാതെ മറയാതെ കിടക്കുന്ന ചിത്രങ്ങള്‍......അന്താരാഷ്‌ട്ര നിലവാരത്തില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രങ്ങള്‍ !!!!
മലയാള സിനിമയുടെ 100 വര്‍ഷങ്ങള്‍ തലങ്ങും  വിലങ്ങും ആഘോഷിക്കുമ്പോള്‍ മലയാള സിനിമയുടെ ഖ്യാതി മാഡ്രിഡ്‌ ചലച്ചിത്രോത്സവം വരെ എത്തിച്ച ഷൌക്കത്തിനെ വേണ്ട രീതിയില്‍ നാം ആദരിച്ചോ ?
ഒരുപക്ഷെ രാഷ്ട്രീയത്തിന്‍റെ അകത്തളങ്ങളില്‍ നിന്ന് എന്നും മാറി നിന്ന ഷൌക്കത്ത് സിനിമാരാഷ്ട്രീയത്തിന്‍റെ കുതികാല്‍‌വെട്ടുകളില്‍  നിന്നും എന്നും മാറി നിന്നതാകാം അതിനു കാരണം.
പക്ഷെ , ഒരു സിനിമാ മാമാങ്കങ്ങള്‍ക്കും സ്വപ്നം കാണാന്‍ പോലും കഴിയാത്ത നിലമ്പൂര്‍ പാട്ടുത്സവം എന്ന മഹത്തായ മഹോത്സവം എല്ലാവര്‍ഷവും സംഘടിപ്പിക്കുക വഴി തന്‍റെ കലാഹൃദയത്തിന്‍റെ വിശാലത ജനഹൃദയങ്ങള്‍ക്ക് തുറന്നു കൊടുക്കുകയാണ് ഷൌക്കത്ത്.
കഴിഞ്ഞ വര്‍ഷത്തെ പാട്ടുത്സവം ഉദ്ഘാടനം ചെയ്തു ശ്രീ സമദാനി പറഞ്ഞ വാക്കുകള്‍ ഇവിടെ ചേര്‍ക്കട്ടെ.
“ ഇത് ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും പുനര്‍ജ്ജീവനമാണ് സ്മൃതിയുടെ  മടങ്ങിവരവ് , പഴയ സംസ്കാരങ്ങളുടെ പുതിയ പുനര്‍ജ്ജന്മം..... “.
ഹൃദയത്തില്‍ കലയും രക്തത്തില്‍ രാഷ്ട്രീയവുമായി യാത്ര തുടരുക……….. ശ്രീ ഷൌക്കത്ത്.
കലയിലേയും , രാഷ്ട്രീയത്തിലേയും ഒറ്റയാള്‍ഗോത്രമാണ് താങ്കള്‍.

വ്യതസ്തനാമൊരു പ്രസ്ഥാനമാം ഷൌക്കത്തിനെ സത്യത്തില്‍ നാം തിരിച്ചറിഞ്ഞില്ല .....അതാണ്‌ ദുഃഖ സത്യം !!!!!!!!!!!!!!!!!!!!

Sanu Y Das

2013, ഡിസംബർ 25, ബുധനാഴ്‌ച

നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതല്ല പൈങ്കിളിയേ..........!!!!


       118 രാജ്യങ്ങളിലായി 34000 ഔട്ട്‌ലെറ്റുകള്‍ ഉള്ള 69 ദശലക്ഷം ജനങ്ങള്‍ കഴിക്കുന്ന  മക്ഡോണാള്‍ഡ് കമ്പനി അധികാരികള്‍ പ്രസ്താവനയിലൂടെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നു.
“ ഫാസ്റ്റ് ഫുഡ്‌ അപകടകരമാണ്.

സോഡിയം കൂടുതല്‍ ഉളളതുകൊണ്ടു പരമാവധി ഒഴിവാക്കണം.
പ്രമേഹം , രക്തസമ്മര്‍ദം എന്നിവയുള്ളവര്‍ ഒരിക്കലും ഫാസ്റ്റ് ഫുഡ്‌ കഴിക്കരുത്. “

പക്ഷെ , ഈ നിര്‍ദ്ദേശം മക്ഡോണാള്‍ഡ് ജീവനക്കാര്‍ക്ക് മാത്രമാണ് ബാധകം.



താഴേ പറയുന്ന പ്രസ്താവനകള്‍ ഉടനേ പ്രതീക്ഷിക്കാം.

ജീവനക്കാര്‍ മദ്യപിക്കരുതെന്നു മദ്യ കമ്പനി ഉടമ.
ജീവനക്കാര്‍ പുക വലിക്കരുതെന്നു സിഗരറ്റ് കമ്പനി ഉടമ.
ജീവനക്കാര്‍ നമ്മുടെ പത്രം വായിക്കരുത്, വഴിതെറ്റും  എന്ന് പത്രം ഉടമ.
ജീവനക്കാര്‍ നമ്മുടെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ആവരുതെന്നു ആശുപത്രി ഉടമ.
ജീവനക്കാര്‍ നമ്മുടെ ഇന്‍ഷൂറന്‍സ് മാത്രം എടുക്കരുതെന്ന് ഇന്‍ഷൂറന്‍സ് ഉടമ.
ജീവനക്കാര്‍ നമ്മുടെ ബാങ്കില്‍ നിക്ഷേപിക്കരുത് എന്ന് ബാങ്ക് ഉടമ.
ജീവനക്കാര്‍ നമ്മുടെ ചാനല്‍‍ കണ്ടു നശിക്കരുതെന്ന് ചാനല്‍ ഉടമ.
പ്രവര്‍ത്തകര്‍ നമ്മുടെ പാര്‍ട്ടിക്കു മാത്രം വോട്ട് ചെയ്യല്ലേ എന്ന് നേതാവ്.


ആനന്ദലബ്ധിക്കിനിയെന്തു വേണം ......?

2013, ഡിസംബർ 23, തിങ്കളാഴ്‌ച

മണിമുത്തുകളും............ മയില്പ്പീലികളും.........................!!




       ശ്രീദേവനെ നമുക്കു നമിക്കാം ............!!!!!!!!!!!!!

സെറിബ്രല്‍ പാള്‍സിയോട് പോയി പണി നോക്കാന്‍ പറഞ്ഞു, ജീവിതം എന്ന വാക്കിനു ആയിരം അര്‍ഥങ്ങള്‍ നല്‍കിയ ശ്രീദേവനെ നമുക്കു ചരിത്രത്താളുകളിലേക്ക് ക്ഷണിക്കാം.

മണിമുത്തുകളും, മയില്പ്പീലികളും സ്വപ്നം കാണാന്‍ പോലും വിധി അനുവദിച്ചില്ലെങ്കിലും കൂലിപ്പണിക്കാരന്‍ അച്ഛന്‍റെ വിയര്‍പ്പില്‍ കുതിര്‍ന്ന പണം ഉപയോഗിച്ച് ഈ പ്രായത്തില്‍ രണ്ടു പുസ്തകങ്ങള്‍ എഴുതി തീര്‍ത്തു  ശ്രീദേവന്‍.

ഒന്നാം പുസ്തകം ....മണിമുത്തുക ള്‍.

രണ്ടാമത്തേത്............മയില്‍പ്പീലികള്‍.

രാത്രിയില്‍ കുത്തിയിരുന്ന്‍ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിച്ച് കോഴി കൂവും മുന്‍പേ മലയാളവല്‍കരിക്കുന്ന മഹാത്മാക്കളായ എഴുത്തുകാരും പട്ടിയെ കൂട്ടിലിട്ടു വളര്‍ത്തുന്ന പോലെ നിരൂപകരെ സ്വന്തം വീട്ടില്‍ കെട്ടിയിട്ടു വളര്‍ത്തുന്ന പേനയുന്തുകാരും, പുസ്തകം ഒരു തവണ പോലും വായിക്കാതെ അവാര്‍ഡ്‌ കൊടുക്കുന്ന അവാര്‍ഡ്‌ കമ്മിറ്റിക്കാരും,എത്ര കോപ്പി  വിറ്റാലും “അയ്യോ ! കച്ചവടം തീരേ മോശമാണ്‌” എന്ന് പറഞ്ഞു റോയലിറ്റി പോക്കറ്റ്‌ല്‍‍ ഇടുന്ന പ്രസാധകരും ,പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മദ്യവും, മദിരാക്ഷിയുമായി, പുസ്തകമേളകള്‍ നടത്തുന്ന സംഘാടകരുമൊക്കെ 

 ഒന്ന്കണ്ണുതുറന്നാല്‍ഒന്ന്കയ്യയച്ചു സഹായിച്ചാല്‍......മണിമുത്തുകളും........മയില്പ്പീലികളും ശ്രീദേവന്‍റ ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റിമറിച്ചേക്കാം.


          ഒരിക്കല്‍ കൂടി ശ്രീദേവന്സ്തുതി !!!!!!!!!!!!!!!!!!

Sanu Y Das

2013, ഡിസംബർ 20, വെള്ളിയാഴ്‌ച

കരയിക്കുന്ന കാര്‍ട്ടൂണ്..........!!


       പൊട്ടിച്ചിരിപ്പിക്കുന്ന കാര്‍ട്ടൂണുകള്‍ ദിവസവും നാം കാണാറുണ്ട്‌.ലോകത്തെ ഏതു ദിനപത്രവും ആദ്യം തുറക്കുന്നത് മുന്‍പേജില്‍‌ മറഞ്ഞിരിക്കുന്ന ചിരിയിലാണ്.അടുത്ത താളുകളിലെ വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ വായിക്കുന്നതിനു മുന്‍പ് ഒന്ന് ചിരിക്കാന്‍ മുന്‍പേജിലേ കാര്‍ട്ടൂണ്‍ നമ്മെ ആജീവനാന്തം സഹായിക്കുന്നു.പക്ഷെ കാര്‍ട്ടൂണിനു കരിയിക്കാനും കഴിയുമെന്നു മനസ്സിലാക്കാന്‍ താഴെ കാണുന്ന നാല് ചിത്രങ്ങള്‍ ഒന്ന് നോക്കിയാലറിയാം. 



ലോകത്ത് ഒരു കാര്‍ട്ടൂണിനും നമ്മെ കരയിക്കാന്‍ ആവില്ല. പക്ഷെ ബാങ്കോക്കിലെ ആറുവയസ്സുകാരി കാര്‍ട്ടൂണ്‍ എന്ന് ഓമനപ്പേരുകാരി ലോകജനതയെ കരയിച്ചുകൊണ്ടിരിക്കുകയാണ്.

അച്ഛനോടൊപ്പം നാടോടി ഗാനമേള കാണാന്‍ വന്ന കാര്‍ട്ടൂണ്‍ എന്നാ കുട്ടി 32 വയസ്സുകാരന്‍ നുയി എന്ന മനുഷ്യമൃഗത്തിന്‍റെ കൈ പിടിച്ച് മരണത്തിലേക്ക് നടക്കുന്ന സി.സി.ടി.വി. ദൃശ്യങ്ങളാണീ ചിത്രങ്ങള്‍.


നാടോടിഗാനമേളക്കിടെ ഒന്നുരങ്ങിപ്പോയ കുട്ടിയെ അച്ഛന്‍ തന്റെ പിക്ക് അപ്പ്‌ വാനില്‍ ഉറക്കി  കിടത്തുന്നു.









പാവം കാര്‍ട്ടൂണ്‍ മയങ്ങിക്കിടക്കുന്ന നിമിഷത്തിലാണ് നാടോടിഗാനമെലയിലെ ഒരംഗമായ നുയി കുട്ടിയെ  പലഹാരം വാങ്ങിത്തരാമെന്ന വാഗ്ദാനവുമായി അടുത്ത റെയില്‍വേ സ്റ്റേഷനിലെ ആളൊഴിഞ്ഞ മൂലയിലേക്ക് ക്ഷണിക്കുന്നത് .

തന്നിലെ മനുഷ്യമൃഗം സടകുടഞ്ഞെഴുനേല്‍ക്കുന്നതും കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊല്ലുന്നതുമൊക്കെ നിമിഷങ്ങള്‍ക്കകം കഴിഞ്ഞു.
കാര്‍ട്ടൂണിന്‍റെ അവസാന നിമിഷങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞു.

മരണത്തിലേക്കുള്ള ദൂരം ഇത്ര വിശാലവും എളുപ്പവുമാണേന്നവള്‍ അറിഞ്ഞോ?
സ്നേഹത്തോടെ തന്‍റെ വലതു കയ്യില്‍ പിടിച്ച് നടത്തിയ മനുഷ്യന്‍റെ മൃദുല കരങ്ങള്‍ നിമിഷങ്ങള്‍ക്കകം ഇത്ര ബലിഷ്ട്ടങ്ങളായിമാറുമെന്നവള്‍ അറിഞ്ഞോ?
ഒന്ന് മയങ്ങി ഉണര്‍ന്ന സമയം മതി മരണത്തിനു കടന്നു വാരാനെന്ന സത്യം അവളറിഞ്ഞോ?







മരണമെത്തുന്നതിനു മുന്‍പ് അവള്‍  എത്രയോ തവണ അയാളോട് ജീവിതത്തിനു വേണ്ടി അല്ല , ജീവന് വേണ്ടി  യാചിച്ചു കാണും?
ഒടുവിലായി അകത്തെടുക്കും ശ്വാസകണികയില്‍ അച്ഛന്‍റെ ഗന്ധമുണ്ടാകുവാന്‍ അവളുടെ കണ്ണുകള്‍ കൈവിട്ടു പോയ അച്ഛനെ തിരഞ്ഞിരിക്കാം................!!!!!!!!!!!!!!!!!!!!!!


2013, ഡിസംബർ 18, ബുധനാഴ്‌ച

അക്കരെയക്കരെയക്കരെ.........................!!


 ദേവയാനി കൊഭ്രഗടെ രണ്ടു രാഷ്ട്രങ്ങളെ പിടിച്ചുലക്കുകയാണ്. നിയമങ്ങളുടെ പേരില്‍ വിവസ്ത്രയാക്കപ്പെട്ട ,നടുറോട്ടില്‍ വിലങ്ങുവെക്കപ്പെട്ട നയതന്ത്രജ്ഞയുടെ പേരില്‍ ഇന്ത്യയുടെയും അമേരിക്കയുടെയും ബന്ധങ്ങള്‍ ഉലയുകയാണ് .  ദേവയാനി  കൊഭ്രഗടെ  പത്രതാളുകളില്‍ നിറയുമ്പോള്‍ പിന്നാമ്പുറത്ത് നില്‍ക്കുന്ന ന്യൂ യോര്‍ക്കിന്റെ ഋഷിരാജ് സിന്ഘ നെ നാം മറക്കരുത് . മാന്ഹട്ടനിലെ കൌബോയ്‌ എന്നും ക്ലിന്റ് ഈസ്റ്റ്വുഡ് എന്നും അപരനാമത്തില്‍ അറിയപ്പെടുന്ന പ്രീത് ബരാരയാണ് ഈ കഥാപാത്രം. ന്യൂ യോര്‍ക്ക്‌ ലേ യു. എസ്‌ അറ്റോര്‍ണി പ്രീത് ബരാരാ എന്ന പേരിനു പിന്നില്‍ ഒരുപാട് കറുത്ത കഥകള്‍ ഉണ്ട്. സിഖ് പിതാവിനും ഹിന്ദു മാതാവിനും ജനിച്ച പ്രീത് ബരാര 1990 ല്‍ ന്യുജേര്‍സിയില്‍  അഡ്വക്കേറ്റ് പദവിയില്‍ നിന്നും സ്വന്തം കഴിവുകൊണ്ട് കുതിച്ചുയരുകയായിരുന്നു 2012 ല്‍ ടൈ മ് മാഗസിന്‍ തിരഞ്ഞെടുത്ത 100 ശക്തരായ വ്യക്തികളില്‍ ഒരാളായി മാറി പ്രീത് ബരാരാ .ഒറ്റ കുഴപ്പമേയുള്ളു പ്രീത് ബരാരയ്ക്ക് ,അതൊരു വലിയ കുഴപ്പം തന്നെ.ഇന്ത്യക്കാരനെന്നു പറയുന്നത് നാണക്കേടാണ്.കെട്ടിലും മട്ടിലും അമേരിക്ക ക്കാരനെന്നു വരുത്തി തീര്‍ക്കാന്‍ അദ്ദേഹം എല്ലാ വഴിയും ശ്രമിക്കും.വാള്‍സ്ട്രീറ്റ് തകര്ക്കലും, റഷ്യന്‍ നയതന്ത്രജ്ഞരെ തുരതുന്നതിലും പ്രീത് ബരാരാ നേതൃത്വം വഹിച്ചു. ഇന്ത്യക്കാരോടുള്ള പുച്ഛവും  ഭാവിയിലെ ന്യൂ യോര്‍ക്ക്‌ മേയരോ സെനട്ടരോ ആകാനുള്ള സ്വപ്നങ്ങളുടെയും ബലിയാട് തന്നെയാണ്  ദേവയാനി  കൊഭ്രഗടെ യുടെ  അറസ്റ്റ്നു  പിന്നില്‍.
പ്രിയദര്‍ശനന്‍റെ  ആദ്യകാല ചിത്രമായ  “മഴപെയ്യുന്നു  മദ്ദളം കൊട്ടുന്നു “വിലെ ശ്രീനിവാസന്റെ  കഥാപാത്രമാണ് മനസ്സിലേക്ക് ഓടി എത്തുന്നത്‌.അമേരിക്കന്‍ വാസം കഴിഞ്ഞു ഇന്ത്യയില്‍ എത്തിയ മാധവന്‍ എന്നാ പച്ച മലയാളി തന്റെ പേര് എം .ഏ. ധവാന്‍ ( കൂട്ടി വായിച്ചാല്‍ മാധവന്‍ )എന്നാക്കുന്ന സീന്‍ .ഏതു ഭൂസരത്തില്‍ ജനിച്ചാലും ഏതു യന്ത്രവല്‍കൃത ലോകത്ത് പുലന്നാലും കൊന്നപ്പൂക്കള്‍ മറക്കരുതെന്ന് മഹാകവി പറഞ്ഞത് ഇന്ത്യ ക്കാരനെ ഉദ്ദേശിച്ചാണ്.അന്യരാജ്യക്കാര്‍ നമ്മെ ആദരിക്കുന്നത് ഒരു ഇന്ത്യക്കാരനെന്ന നിലയിലാണെന്നു ബരാരെ മാര്‍ മറക്കരുത്. സെല്‍ഫോണും പേജരും 40 രാഷ്ട്രങ്ങളില്‍ എത്തിച്ച രാജ്സിംഗ്ഉം   മീരാ സിംഗ് ഉം ഓഡി , ബെന്‍സ്‌, ജഘുഅര്‍, പോര്ഷേ , വോള്‍വോ തുടങ്ങിയ ആഡംബര കാറുകള്‍ക്ക് ആലുമിനിയംബോഡി കണ്ടുപിടിച്ച മൊഹമ്മദ്‌ സാഫിയും , ലെയ്സര്‍ ശസ്ത്രക്രിയ കണ്ടുപിടിച്ച ഡോക്ടര്‍ മണി ഭൌമിക്കും മോടോരോളയെ ജനസഹസ്രങ്ങളില്‍ എത്തിച്ച പദ്മ വാരിയരു മൊക്കെ അമേരിക്കയുടെയും ചരിത്രത്താളുകളില്‍ സ്ഥാനം നേടിയത് ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ആണെന്നു ബരാരെമാര്‍ മറക്കരുത്.സ്ഥാനമാനങ്ങളുടെ കിരീടവും ചെമ്കൊലും അഴിച്ചു വെച്ച് വിശ്രമിക്കാന്‍ സമയമാകുമ്പോള്‍ വസ്ത്രങ്ങള്‍ ഉരിയാതെ , കാവിറ്റി സര്‍ച്ചും നടത്താതെ പ്രീത് ഭാരാരയെ ഉപാധികള്‍ ഇല്ലാതെ സ്വീകരിക്കാന്‍ ഭാരതത്തിന്‍റെ മണ്ണുമാത്രമേ കാണു എന്ന സത്യം മറക്കരുത്.


Sanu Y Das

2013, ഡിസംബർ 16, തിങ്കളാഴ്‌ച

നിര്‍ഭയം ഒരു വര്ഷം.......................!!



മകേഷ് , അക്ഷയ്, പവന്‍ , വിനയ്

ഇന്ത്യന്‍ ജനതയ്ക്ക് മറക്കാനാവുമോ ഈ നാല് പേരുകള്‍ ?

തന്‍റെ ജീവിതത്തെ പറ്റി ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്ത ഒരു പെണ്‍കുട്ടി യുടെ ജീവിതം ഇന്നേക്ക് ഒരു വര്ഷം മുന്‍പ് കശക്കിയെറിഞ്ഞ നാല് പേരുടെ പേരുകള്‍ ആണിത്.

പ്രബുധത യുടെ പേരില്‍ പ്രകമ്പനം കൊള്ളുന്ന ആധുനിക നാഗരികതയുടെ തലസ്ഥാനത്ത് ആ പെണ്‍കുട്ടി ജീവന് വേണ്ടി യാചിച്ചു പിടയുമ്പോള്‍ വയസ്സ് 23. പെണ്‍കുട്ടി യുടെ ജീവന് വേണ്ടി പ്രാര്‍ഥിച്ചു സിങ്കപ്പൂര്‍ലേ  ആശുപതിയിലെ തീവ്ര പരിചരണ മുറിക്കു വെളിയില്‍ ഇരുന്ന പിതാവിനെ പറ്റി അവിടുത്തെ ഡോക്ടര്‍ മാര്‍ പറഞ്ഞ വാക്കുകള്‍ നമുക്ക് മറക്കാന്‍ ആവില്ല........ “ഇത്ര  ഭാഗ്യം കെട്ട ഒരച്ഛനെ ഞങ്ങള്‍ കണ്ടിട്ടില്ല.”

സത്യമല്ലേ....... ഇതുപോലെ ഭാഗ്യം കെട്ട മാതാപിതാക്കള്‍ വേറെയുണ്ടാവില്ല. ജനാധിപത്യത്തിന്‍റെ പേരില്‍ കിട്ടാവുന്ന ഇളവുകള്‍ ഒക്കെ വാങ്ങി തൂക്കുമരതിലെക്കുള്ള ദിവസങ്ങള്‍ക്കു ആയുസ്സ് കൂട്ടി വാങ്ങിച്ചു തിഹാര്‍ ജയിലില്‍ സുഘമായി നാല്‍വര്‍ സംഘം കഴിയുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ഉള്‍പടെ ഭാരതത്തിന്റെ  ഓരോ മുക്കിലും മൂലയിലും പെണ്‍കുട്ടികള്‍ പീഡനതിന്നിരയായി കൊണ്ടേയിരുന്നു. ഒരു പുതിയ നിയമ സംഹിതകള്‍ക്കും തടയാനാകാത്ത വിധത്തില്‍ ആധുനിക മനുഷ്യന്റെ കാമ ഭ്രാന്ത്‌ ആളിക്കത്തുകയായിരുന്നു.അച്ഛന്റേയും മുത്തച്ഛന്‍ന്‍റെയും താരാട്ട് പാട്ടുകലെപ്പോലും ഭയപ്പെടുന്ന പെണ്‍കുട്ടികള്‍ ഉറക്കം നഷ്ട്ടപ്പെട്ടു ജീവിക്കുകയാണ് ഭാരതം മുഴുവന്‍.

സ്വയംരക്ഷക്ക് വേണ്ടി സ്ത്രീകള്‍ക്ക് തോക്കുനല്‍കുമെന്നും പീഡിപ്പിക്കുന്നവരെ രാസഷണ്ടത്വം ചെയ്യുമെന്നുമൊക്കെ അലമുറയിട്ട സംസ്ഥാന സര്‍ക്കാരുകള്‍ കാലക്രമേണ നിശബ്ദമായി. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുമെന്ന പ്രസ്താവന വെറും വിലകുറഞ്ഞ ഫലിതമായി മാറി. നിയമം കാത്തു സൂക്ഷിക്കേണ്ട വലിയ ന്യായാധിപന്‍ മുതല്‍ നീതിക്ക് വേണ്ടി പടപൊരുതിയ ആദര്‍ശധീരനായ പത്രപ്രവര്‍ത്തകന്‍ വരെ പീടനതിന്റെ പേരില്‍ ഇരുമ്പഴിക്കുള്ളിലായ കാഴ്ചക്കും നാം സാക്ഷി ആയി. കഴിഞ്ഞ ഒരു വര്‍ഷത്തിന്റെ ബാക്കിപത്രം അതുമാത്രമാണ്. പീഡനങ്ങള്‍ പഞ്ചനക്ഷത്രവല്‍ക്കരിച്ചതല്ലാതെ പീഡനങ്ങള്‍ക്കെതിരെ ഒരു ചെരുവിരല്പോലുമാനക്കാന്‍ ഭരണകൂടത്തിനു കഴിഞ്ഞില്ല. ഒളിക്യാമറകളെ പേടിച്ചു സ്കൂളിലും ,ഹോട്ടലിലും, വീട്ടിലെ കുളിമുറിയിലും സ്വസ്ഥത കിട്ടാത്ത ഒരു യുവ തലമുറയാണ് വളര്‍ന്നു വരുന്നത്.ആരുടെ കുതികാല്‍വെട്ടിയും അടുത്ത വര്‍ഷം ഭരണം കൈവരിക്കാം എന്ന ദിവാസ്വപ്നത്തില്‍ കഴിയുന്ന മുന്നണികള്‍ക്കു കാല്‍കീഴില്‍ ചതഞെരിയുന്ന പിഞ്ചു ബാല്യകൌമാരങ്ങളെ കാണാന്‍ എവിടെ സമയം ? തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടു കൊലചെയ്യപ്പെട്ട സൌമ്യയുടെ കൊലപാതകി ജയിലില്‍ ബിരിയാണി വേണമെന്ന് നിബന്ധന വെച്ച നാടാണിത്.തൂക്കുമരമെന്നു കേള്‍ക്കുമ്പോള്‍ മുകേഷും,അക്ഷയും, പവനും, വിനയുമൊക്കെ തടവറയില്‍ പോട്ടിചിരിക്കുന്നുണ്ടാകും.അത്രയ്ക്ക് എളുപ്പത്തില്‍ തങ്ങളുടെ ഒരു രോമത്തില്‍ തൊടാന്‍ ഇന്ത്യയിലെ നിയമ സംഹിതകള്‍ക്ക് കഴിയില്ലെന്ന് ഒരു നിയമപുസ്തകവും വായിക്കാത്ത ഇവര്‍ക്ക് മറ്റാരേക്കാളും നന്നായറിയാം. ഫേസ്ബുക്കും ട്വിട്ടര്‍ഉം കൂളിംഗ്‌ഗ്ലാസ്സും സ്മാര്‍ട്ട്‌ഫോണും ടി ഷര്‍ട്ടും ബിരിയാണിയുമോക്കെയായി അവരും ആഘോഷിക്കുകയാവും ജീവിതം. സിങ്കപ്പൂര്‍ലേ ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടിയ ഡല്‍ഹിപെണ്‍കുട്ടിയുടെ ജീവനറ്റ ശരീരം അംബുലെന്‍സിലേക്ക് കയറ്റുന്ന രംഗത്തിനു  ഒരു മലയാള പത്രം കൊടുത്ത അടിക്കുറിപ്പ് ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു

“......കാവലായില്ല നിങ്ങള്‍..........സാരമില്ല സോദരാ.......”      

Sanu Y Das




2013, ഡിസംബർ 13, വെള്ളിയാഴ്‌ച

സന്ധ്യക്കെന്തിനു സിന്ദൂരം .................!!


            സന്ധ്യയില്‍ തുടങ്ങുന സിനിമ പേരുകളും പാട്ടുകളും നമുക്ക് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. സന്ധ്യ കാനീരിതെന്തേ  സന്ധ്യേ ......., സന്ധ്യ മയങ്ങും നേരം......, ഇങ്ങനെ പോകുന്നു ആ നിര. പക്ഷെ ഒറ്റ ദിവസം കൊണ്ട് കേരളത്തെ ഉപരോധം കൊണ്ട് മുടിപ്പിക്കുന്ന , വെള്ളം കുടിപ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് മറുപടിയായി മാറി സന്ധ്യ എന്ന തിരുവനന്തപുരംകാരി വീട്ടമ്മ.  .പ്രതികരണ ശേഷി നഷ്ട്ടപ്പെട്ട കേരളീയ ജനതക്കൊരു മാര്‍ഗദര്‍ശിയായി മാറി സന്ധ്യ .സ്വന്തം വീട് ഉപരോധിച്ചാല്‍ ഭാര്യക്കും മക്കള്‍ക്കും സംരക്ഷണം നല്‍കില്ലേ എന്നും 12 വയസ്സുള്ള പാവം ബാലികമാര്‍ പീഡ്നതിനിരയാകുമ്പോഴും എവിടെയാണ് ഉപരോധക്കാര്‍ എന്നാ സന്ധ്യയുടെ ചോദ്യത്തിന് മുന്നില്‍ ലജ്ജിച്ചു തല താഴ്ത്തി നേതാക്കള്‍. അഭിമാനം കടപുഴകിയോഴുകിയപ്പോള്‍ കടകംപള്ളി സുരേന്ദ്രനെ പോലെയുള്ള നേതാക്കള്‍ക്ക് ഉത്തരം മുട്ടി. കേരളത്തില്‍ സൌമ്യ കൊലചെയ്യപ്പെട്ടപ്പോള്‍ ഒരു ഇലപോലും അനങ്ങിയില്ല. ഡല്‍ഹി പെണ്‍കുട്ടിക്ക് വേണ്ടി രാപ്പകല്‍ സമരം ചെയ്ത ഡല്‍ഹി ജനതയുടെ പ്രബുധത കണ്ടു നാം ഞെട്ടിയതാണ്. അബലയായ ഒരു സ്ത്രീ തന്റെ രോഷാഗ്നി രാഷ്ട്രീയ നപുംസകങ്ങള്‍ക്ക് നേരെ തിരിച്ചു വിട്ടപ്പോള്‍ മാത്രമാണ് കേരള ജനത ഉണര്‍ന്നത്. ഇപ്പോള്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സന്ധ്യക്ക്‌ അഭിനന്ദനത്തിന്റെ പ്രവാഹമാണ്. വ്യവസായിയും മനുഷ്യസ്നേഹിയുമായ കൊചൌസെഫ് ചിറ്റിലപ്പള്ളി 5 ലക്ഷം രൂപ സന്ധ്യക്ക്‌ സമ്മാനിച്ചു. കേരളത്തിന്റെ ഏതു പുരോഗമന പ്രവര്‍ത്തനത്തിന് തുരംഗം വെക്കാന്‍ കച്ച കെട്ടി ഇറങ്ങുന്ന നേതാക്കള്‍ ഒന്ന് മനസ്സിലാക്കണം സന്ധ്യ തുടങ്ങി വെച്ച രോഷത്തിന്റെ കൈത്തിരി ആയിരം തീപ്പന്തങ്ങള്‍ ആയി മാറാന്‍ നിമിഷങ്ങള്‍ മതി .തിരഞ്ഞെടുപ്പെന്ന പാലം കഴിയുന്നത്‌ വരെ കൊടി പിടിക്കാനും മുദ്രാവാക്യം വിളിക്കാനും മാത്രമുള്ള ഒരു ഉപകരണമായി ജനങ്ങളെ കാണരുത്. പാലം കഴിയുമ്പോള്‍ കൂരായണ .....കൂരായണ ....... എന്ന് ജനങ്ങളെ കൊഞ്ഞനം കാണിക്കുന്ന കാലം കഴിഞ്ഞെന്നു ഡല്‍ഹിയില്‍ “ആം ആദ്മി “ പഠിപ്പിച്ച പാഠം.

സന്ധ്യ ഒറ്റക്കല്ല......

ക്ലിഫ്ഫ് ഹൌസ് ലും കന്റൊന്മേന്റ്റ് ഹൌസ് ലും mla ഹോസ്റ്റല്‍ളിലും സുഖമായി വാഴുന്ന നേതാക്കള്‍ക്ക് വഴിമുടക്കാന്‍ നിന്ന് കൊടുക്കാനും , സ്വന്തം പേരകുട്ടി യുടെ ഗുരുവായൂരില ചോറൂണ്‍സൗകര്യം അനുസരിച്ച് ഹര്‍താല്‍ തീയതി നിശ്ചയിക്കുന്ന നിരീശ്വരരായ നേതാക്കള്‍ക്ക് മുന്നില്‍ മുട്ട് മടക്കാനും കേരള ജനതയ്ക്ക് ഇനി അധിക നാള്‍ കഴിയില്ലാ. സന്ധ്യ തുടങ്ങിവെച്ച ഒറ്റയാള്‍ പ്രസ്ഥാനം കേരളമാകെ മാറ്റത്തിന്റെ കാറ്റ് വീശട്ടെ എന്ന് നമുക്കാശിക്കാം .ജനപിന്തുണ ആകുന്ന  സിന്ദൂരം സന്ധ്യ എന്ന വീട്ടമ്മക്ക്‌  തിലകക്കുറി ആകട്ടേ എന്ന് നമുക്കാശിക്കാം.............
                           
Sanu Y Das

2013, ഡിസംബർ 8, ഞായറാഴ്‌ച

ചര്‍മം കണ്ടാല്‍ പ്രായം തോനതേ ഇല്ലാ......!! 



     സിനിമാനടികള്‍ പ്രായം കുറച്ചു പറയുന്ന പ്രതിഭാസത്തിനു സിനിമയുടെ പ്രായം ഉണ്ട്. ഏതു നടിയോടും ഏതു വര്ഷം പ്രായം ചോദിച്ചാലും പറയും പതിനെട്ടു. ഇന്നും നമുക്ക് മനസ്സിലാകാത്ത ഒരു ദുരൂഹതയായി ഈ പ്രായം കുറക്കല്‍ പ്രക്രിയ തുടരുകയാണ്. പക്ഷെ , ഇതാദ്യമായാണ് സിനിമയുടെ ചരിത്രത്തിനു പ്രായം കുറയുന്നത്. അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഉത്ഘാടനത്തിലാണ് സാംസ്കാരിക മന്ത്രി സിനിമയ്ക്കു 75 വയസ്സേ ആയുള്ളൂ എന്ന് വീണ്ടും വീണ്ടും പറഞ്ഞത്. തന്റെ പ്രസ്താവനക്ക് തണലായി ലഘുലേഘയിലും 75 വയസ്സെന്നു അച്ചടിച്ചു. മലയാള സിനിമ വിസ്മരിച്ച മഹാനായ j c ഡാനിഎല്‍ ന്റെ  ചരിത്രവും വിഗതകുമാരന്‍ന്റെ കഥയും പ്രേക്ഷകരെ തുറന്നു കാണിച്ച കമലിനെങ്ങനെ രക്തം തിളക്കാതിരിക്കും ? സെല്ലുലോഈദ് എന്നാ സിനിമ കണ്ടപ്പോഴാണ് ഭൂരിഭാഗം സിനിമാക്കാരും  j c ഡാനിഎല്‍ എന്ന പേര് പോലും കേള്‍ക്കുന്നത്. ആദ്യത്തെ ചലച്ചിത്രം മലയാളിക്ക് സമ്മാനിച്ചതിലൂടെ സ്വന്തം സ്വൈര്യ ജീവിതവും കുടുംബവും സമ്പാദ്യവും എല്ലാം നഷ്ട്ടപ്പെട്ടു ഏകാകിയായി കഴിഞ്ഞു ആരാലും ശ്രദ്ധിക്കാ പ്പെടാതെ കാലയവനികക്കുള്ളില്‍ മറഞ്ഞ j c ദാനിഎല്‍ നെ  ഓര്‍ത്തിട്ട്  എന്ത് പ്രയോജനം ? ലോഹിതദാസ് തന്റെ ആത്മകഥയില്‍ പലപ്പോഴും പറയാറുണ്ട്‌ ജീവിച്ചിരിക്കുമ്പോള്‍ ആദരവിന്റെ ഒരു റോസാപ്പൂ പോലും ലഭിക്ക്കാതവര്‍ക്ക് മരണശേഷം ആദര്ക്കാന്‍ ഒരു പൂങ്കാവനം തന്നെ വരുമെന്ന് . ........എത്ര സത്യം !

j c ദാനിഎല്‍ ആരെന്നു സെല്ലുലോഈദ് കണ്ടപ്പോള്‍ മനസ്സിലായവര്‍ ഇന്ന് വിഗതകുമാരനെ പറ്റി ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നു. പദ്മരജനും ഭരതനും സൃഷ്ട്ടിച്ച മഹാകാവ്യങ്ങള്‍ ആയ ചിത്രങ്ങള്‍ അന്ന് പരാജയപ്പെട്ടെങ്കിലും ഇന്ന് നാം t v ചാനലുകളിലും ചലച്ചിത്ര നിശകളിലും പ്രദര്‍ശിപ്പിച്ചു ആഘോഷിക്കുകയാണ്. ലോഹിതദാസ്‌ ന്‍റെയും മുരളിയുടെയും ഒക്കെ സ്ഥിതി ഇതാണ് . ജോണ്‍സന്‍ മാസ്റ്റര്‍ ദശാബ്ദങ്ങള്‍ ക്ക് മുന്‍പ് സൃഷ്ട്ടിച്ച മഹത്തരമായ ഈണങ്ങള്‍ ഇന്ന് ഗാനമേളകളിലും , റോക്ക് ബാന്‍ഡ്കളിലും പുതിയ പരിവേഷത്തില്‍ അരങ്ങു തകര്‍ക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ കിട്ടാത്ത ആദരവ് മരിച്ചു കഴിഞ്ഞിട്ട് കിട്ടിയിട് എന്ത് കാര്യം? j c ദാനിഎല്‍ നെ മരണാനന്തരം പുകഴ്ത്തിയില്ലെങ്ങിലുംസെല്ലുലോഈദ്  എന്നാ ചിത്രത്തിന് ഓസ്കാര്‍ കൊടുതില്ലെങ്ങിലും സത്യത്തെ അന്ഗീഗരിക്കാതിരിക്കരുത്.പ്രിയദര്‍ശന്‍ ഖേദം പ്രകടിപ്പിച്ചപ്പോള്‍ പ്രശ്നത്തിന് സമാപ്തി ആയി. സാംസ്കാരിക വകുപ്പിനോട്  j c ദാനിഎല്‍ ഉം കമലും പൊറുക്കട്ടെ .മലയാള സിനിമയുടെ പ്രായം ഇനിയും തിരുത്താതിരിക്കട്ടെ..........

Sanu Y Das

2013, ഡിസംബർ 6, വെള്ളിയാഴ്‌ച

വ്യത്യസ്തമായൊരു പ്രസ്താവന..........!!


         വ്യത്യസ്തമായൊരു പ്രസ്താവന ഇന്നത്തെ പത്രത്തില്‍ വായിക്കാന്‍ ഇടയായി.ഇന്ത്യയുടെ കൃതഹസ്തനായ പ്രധാനമന്ത്രിയുടെ വായില്‍ നിന്നും എതിരാളികളുടെ ശക്തി കുറച്ചു കാണരുത്.എതിരാളികളുടെ ശക്തിയേയും സര്‍ക്കാര്‍ എന്ന കപ്പലിനെ അട്ടിമറിക്കാനുള്ള ശേഷിയേയും  ആലംബാവത്തോടെ കാണരുത്.അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചതും വളരെ ശ്രദ്ധയോടെയാണ്.ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തിന്‍റെ  നേതൃസമ്മേളന വേദിയില്‍ സര്‍ക്കാരുകള്‍ വരും, പോകും എന്നാല്‍ ഇന്ത്യ കുതിച്ചുയരുക തന്നെ ചെയ്യും. അതാണ്‌ വിശാലമായ ചിത്രം. നമുക്ക് ഇന്ത്യക്കും, മനുഷ്യര്‍ക്കും ലോകത്തിനും ചെയ്യാവുന്നതൊക്കെ ചെയ്യുക ........ അദ്ദേഹം അവസാനിപ്പിച്ചു.
 വളരെ വിശാലമായി ,സത്യസന്ധമായി ചിന്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിനെ ഇങ്ങനെ ചിന്തിക്കാന്‍ ആവു.എതിരാളികളെ എന്നും നമുക്ക് പുല്ലാണ് രാഷ്ട്രീയത്തിലായാലും പൊതുജീവിതതിലായാലുമൊക്കെ.             പുല്ലാണേ...പുല്ലാണേ .....വെടിയുണ്ട ഞങ്ങള്‍ക്ക് പുല്ലാണേ .....എന്ന് തൊണ്ട പൊട്ടിക്കുന്ന ഏതെങ്കിലും ഒരു നേതാവ് വെടിയുണ്ട എന്ന് കടലാസ്സില്‍ എഴുതി കാണിച്ചാല്‍ ഓടാതിരിക്കുമോ?
  സന്ദേശം എന്ന ചിത്രത്തില്‍ സ്വന്തം അളിയന്‍ മാല അരവിന്ദനെ സമാശ്വസിപ്പിക്കാന്‍ ശ്രീനിവാസന്‍ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ...”ഇവിടെ സായുധ വിപ്ലവത്തിന് സമയമായി .....”.
പുഛ് ത്തില്‍  മാള അരവിന്ദന്‍ തിരിച്ചു ചോദിക്കുന്നു.....”സായുധ വിപ്ലവം ............മണ്ണാങ്കട്ട.....നീയൊരു തോക്ക് നേരിട്ട് കണ്ടിട്ടുണ്ടോ ?....”
ഇതാണ് സത്യം. തോക്ക് നേരിട്ട് കാണുന്നത് വരെ വെടിയുണ്ട പുല്ല്.എതിരാളിയുടെ ശരിയായ  ശക്തി കണ്ടറിയുന്നത് വരെ എതിരാളി വെറും പുല്ല്.
നരേന്ദ്ര മോഡിയെ  ഗൌരവമായി കാണണ്ടാ എന്ന് പറയുന്ന കേന്ദ്ര മന്ത്രിസഭാംഗങ്ങള്‍ വിഡ്ഢികള്‍ ആണെന്ന് ഡല്‍ഹി, രാജസ്ഥാന്‍ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുമെന്ന് മറ്റാരേക്കാളും പ്രധാനമാന്ത്രിക്കറിയാം.രാഷ്ട്രീയക്കാരെല്ലാം അഴിമതിക്കാരാണെന്ന പ്രചാരണവും ശരിയല്ല എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എതിരാളികളുടെ ശക്തി മനസ്സിലാക്കി മുന്നേറുന്നവനല്ലേ യഥാര്‍ത്ഥ നേതാവ്?


Sanu Y Das

2013, ഡിസംബർ 4, ബുധനാഴ്‌ച

സഹനത്തിന്‍റെ രണ്ട് തട്ടുകള്‍..........!!


          കോഴിക്കോട്ടെ പെരുവണ്ണാമുഴിയിലെ സ്കൂള്‍ പെണ്‍കുട്ടി സഹന സെക്സ് റാക്കറ്റിന്‍റെ പിടിയില്‍ മൂന്ന്‍ വര്‍ഷം അനുഭവിച്ചു തീര്‍ത്ത ദുരന്തങ്ങള്‍ക്ക് അവസാന വാക്കായി കണ്ടത് ആത്മഹത്യ മാത്രമായിരുന്നു.സഹപാഠിയായ മറ്റൊരു പെണ്‍കുട്ടിയും ഇതേ രീതിയില്‍‌ ചൂഷണം ചെയ്യപ്പെട്ടപ്പോള്‍ , ആത്മഹത്യാ കുറിപ്പ് എഴുതി വച്ചപ്പോഴാണ് ഈ ദുരന്ത കഥ ലോകം അറിയുന്നത്.

കേരളത്തില്‍ ഏറ്റവും അധികം സാംസ്കാരിക നായകന്മാരും സാഹിത്യകാരന്മാരും കുടികൊള്ളുന്ന മറ്റൊരു സാംസ്കാരിക തലസ്ഥാനം തന്നെയായ കോഴിക്കോട്ടാണ് ഈ സംഭവം നടന്നതെന്നത് ദുഖകരം .

പക്ഷെ സഹന യുടെ കുടുംബത്തിനു വേണ്ടി വാദിക്കാനോ , കണ്ണീരോഴുക്കാനോ ഒരു രാഷ്ട്രീയപാര്‍ട്ടിയുമില്ല , മഹിളാസംഘടനയുമില്ല.
ചാനലുകള്‍ മാറ്റുമ്പോള്‍ കുറേ ബുദ്ധിജീവികള്‍ ഈ സംഭവത്തെപ്പറ്റി കൂലംകഷമായി ചര്‍ച്ചചെയ്യാന്‍ മുഖത്ത് പൌഡറുമിട്ടുസ്ക്രീനില്‍ വരുന്നതല്ലാതെ ഷഹാനക്കു വേണ്ടി കരയാനോ കൊടിപിടിക്കാനോ ആരുമില്ല എന്നതാണ് സത്യം.

സംഗീത ചക്രവര്‍ത്തി രാഘവന്‍ മാസ്റെര്‍ മരിച്ചപ്പോള്‍ മറവി രോഗം ബാധിച്ച സിനിമാ ലോകം മുഴുവന്‍ പീതംബരക്കുറുപ്പിന്‍റെ കയ്യും ശ്വേതാ മേനോന്‍റെ പുറവും തമ്മിലുള്ള ദൂരം സ്കയില്‍‌ കൊണ്ടും ഭൂതക്കണ്ണാടി കൊണ്ടും പരിശോധിച്ച് ആഘോഷിച്ചു തീരും മുന്‍പാണ് ഈ സംഭവം.
മഹിലാസംഘടനകളും ഒരു സിനിമ പോലും കാണാത്ത അച്ചുമ്മാവനും മുതലുള്ള സകലമാന രാഷ്ട്രീയക്കാരും ,സാമൂഹ്യപ്രവര്‍ത്തകരും ബുദ്ധിജീവികളും സ്വെതക്ക് വേണ്ടി തൊണ്ടപൊട്ടി കരഞ്ഞ്തീരും മുന്‍പ് പരാതി പിന്‍വലിച്ചു സ്വയം വിഡ്ഢിവേഷം കെട്ടിയ ശ്വേത ഒരുവര്‍ഷം കേരളംകൊണ്ടാടാം എന്ന് കരുതിയ ഒരു വിഷയത്തിനു സഡന്‍ ബ്രേക്ക് ഇട്ടതു വലിയ വിനയായി, പക്ഷെ വളരെക്കാലത്തിനു ശേഷം എല്ലാ ചലച്ചിത്ര സംഘടനകളും ഒരുമിച്ചു നില്‍ക്കാനും പ്രസ്താവന ഇറക്കാനും ഒരു അവസരം ശ്വേതാമേനോന്‍ ഒരുക്കിയത് ഈ അവസരത്തില്‍ നമുക്ക് സ്മരിക്കാം.

രാഘവന്‍ മാസ്റ്ററോട് കാണിച്ച അനീതിക്ക് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍റെ വിശദീകരണം ഒരു പത്രത്ല്‍ വായിച്ചപ്പോഴാണ് ഒരു കാര്യം മനസ്സിലായത്....”സ്ഥലം നോക്കി വേണം നാം മരിക്കാന്‍ “!
തലശ്ശേരിക്കു പകരം രാഘവന്‍ മാസ്റ്റര്‍ കോഴിക്കോട് മരിച്ചിരുന്നെങ്കില്‍ കേരളം കൂടുതല്‍ ആദരിച്ചേനെ. തിരുവനന്തപുരത്തിനു പകരം സഖാവ് നായനാര്‍ കല്യാശേരിയില്‍ മരിച്ചിരുന്നെങ്കില്‍ ,ഗായകന്‍ മന്നാഡേ,മുംബൈക്ക് പകരം ബംഗാളില്‍ മരിച്ചിരുന്നെങ്കില്‍ കൂടുതല്‍ ആദരവും ജനക്കൂട്ടവും ലഭിച്ചേനേ!

സഹന ക്കു പറ്റിയതും അതാണ്‌. ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലാത്ത പിതാവിനും ഒരു മഹിളാസംഘടനയിലും ഇല്ലാത്ത മാതാവിനും ജനിച്ചതാകാം സഹന ക്കും പറ്റിയത്.
ഏതെങ്കിലും ഒരു നടിയുടെ ദേഹത്തെവിടെയെങ്ങിലും ഏതെങ്കിലും ഒരു രാഷ്ട്രീയക്കാരന്‍റെ കയ്യോ കാലോ പതിക്കുമോ എന്നറിയാന്‍ ഒളിക്യാമറയുമായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌വരെ നെട്ടോട്ടമോടുമ്പോള്‍ സഹനക്കു വേണ്ടി കരയാന്‍ ആര്‍ക്കു സമയം ?
സഹനക്കു വേണ്ടി പ്രസ്താവനകള്‍ ഇറക്കിയാല്‍ ആര്‍ക്കെന്തു പ്രയോജനം

സഹനത്തിന്റെ രണ്ടു തട്ടിലാണ് നാമെന്നും.......ആളും തരവും നോക്കി......  

Sanu Y Das

2013, ഡിസംബർ 3, ചൊവ്വാഴ്ച

നോട്ടക്കുറവ്......!!


                                ഇന്നത്തെ ദിനപ്പത്രങ്ങളും ചാനലുകളും ഒരു സഖാവിന്‍റെ  ധീരപോരാട്ടത്തിന്‍റെ ചിത്രം കണ്ടാണ്‌ ഉണര്‍ന്നത്. മറ്റാരുമല്ലനമ്മുടെസുധാകരന്‍ സഖാവ്തൂമ്പഎടുത്തു സിട്രസ് റിസോര്ട്ടിന്‍റെ വഴി നിരപ്പാക്കുന്നു. ചിത്രത്തേക്കാള്‍ രസകരം സഖാവിന്‍റെവിശദീകരണമാണ്‌.റിസോര്‍ട്ട് പണിത സമയത്ത് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിക്ക് നോട്ടക്കുറവുണ്ടായിട്ടുണ്ട്. അതിപ്പോള്‍ സഖാവ് തിരുത്തുകയാണത്രെ , വഴി നിരപ്പാക്കിക്കൊണ്ട് .പുന്നപ്ര  പൂന്തുരം പാടശേഖരത്തോട്‌ ചേര്‍ന്നുകിടക്കുന്ന റിസോര്‍ട്ടിന്‍റെ വഴി നിരപ്പാക്കുന്നതിനിടയില്‍  ഭൂമിദാന പ്രേമികള്‍ ആറ്റുതീരത്തെ പൂചെട്ടികളും നിശ്ചലദൃശ്യങ്ങളും നശിപ്പിക്കാനും മറന്നില്ല. മണ്‍പാത്രങ്ങള്‍ , കഥകളി രൂപങ്ങള്‍, ചാരുകസേര, തണല്‍മരങ്ങള്‍ ,കുടകള്‍  അലങ്കാരക്കുടകള്‍, താല്‍കാലിക ബോട്ട് ജെട്ടി......എല്ലാം ഞൊടിയിടയില്‍ കഥാവശേഷമായി .ദൈവത്തിന്റെ സ്വന്തം നാടായ കേരളം കാണാന്‍ എത്തിയ വിദേശ വിഡ്ഢികളെ ബോട്ടില്‍നിന്നും കരയിലിറക്കാനും സഖാക്കള്‍സമ്മതിച്ചില്ലത്രേ .കഷ്ട്ടം ! സ്മാര്‍ട്ട്‌സിറ്റി ,കൊച്ചിന്‍ മെട്രോ തുടങ്ങി ഒട്ടനവധി നല്ല സംരംഭങ്ങള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയുടെ നോട്ടക്കുറവില്‍ നമുക്ക് നഷ്ട്ടമാകാമായിരുന്നവയാണ്.കേരള ജനതയുടെ മുജ്ജന്മ സുകൃതം കാരണം ഇവയെല്ലാം നമുക്ക് തിരികെ ലഭിക്കുകയാണ്.മുന്‍ സര്‍ക്കാരിന്‍റെ നോട്ടക്കുറവില്‍ നമുക്ക് നഷ്ട്ടപ്പെട്ട നന്മമകള്‍ തിരിച്ചു പിടിക്കുന്ന  ഈ സമയത്ത് ഭൂദാനസമരം പോലുള്ള കസര്‍ത്തുകള്‍ ആര്‍ക്കാണ് പ്രയോജനം ചെയ്യുന്നതെന്ന് കണ്ടറിയണം. എന്തായാലും അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കാമെന്നു സര്‍ക്കാര്‍ ഉറപ്പുനല്കിയതിനാല്‍ സമരം താല്‍കാലികമായി നിര്‍ത്തി വെക്കാനുള്ള മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി യുടെ തീരുമാനം സ്വാഗതാര്‍ഹാമാണ് .ഭരിക്കാന്‍ ഇതുപോലെ ഉള്ള നോട്ടപ്പിശകുകള്‍ മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നേതാക്കള്‍ക്കു സംഭവിക്കല്ലേ എന്ന് നമുക്ക് മുന്‍കൂട്ടി പ്രാര്‍ഥിക്കാം ഇന്നത്തെ നോട്ടപ്പിശകുകള്‍ തിരുത്താന്‍ മാത്രമായി അധപതിക്കരുത് നാളത്തേ സുദിനങ്ങള്‍.


Sanu Y Das